തിരുവനന്തപുരം: പിഎസ്സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളില്‍ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ബലപ്രയോഗവും നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാള്‍ മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നതെന്നും ഇയാള്‍ ഇടതു നേതാവാണെന്നും നിയമ വിരുദ്ധമായാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം. പിഎസ്സി ആസ്ഥാനത്തിന്റെ ഗേറ്റു കടന്ന് ഉള്ളിലേക്കു കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളും നടത്തി. ചിലര്‍ നേരത്തെ തന്നെ മതില് ചാടിക്കടന്ന് ആസ്ഥാനത്തിനുള്ളിലേക്ക് എത്തിയിരുന്നു.
തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസും പിഎസ്സി സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പുറത്തിറക്കി. പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ പിഎസ്സി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മുന്‍പും ഈ നിയമനത്തെ ചൊല്ലി വിവാദമുയര്‍ന്നിരുന്നു.